
കൊച്ചി : ഫുട്ബോൾ ലോകകപ്പ് ഫൈനൽ ആവേശം നെഞ്ചേറ്റി കൊച്ചി മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ. ഫൈനൽ മത്സരം പ്രമാണിച്ച് തിങ്കളാഴ്ച കുട്ടികൾക്ക് അവധി നൽകാൻ സ്കൂൾ അധികൃതർ തീരുമാനിച്ചു. കുട്ടികൾ ഉറക്കം തൂങ്ങി ക്ലാസ്സിൽ ഇരിക്കാതിരിക്കാനും, പിറ്റേദിവസത്തെ ക്ലാസിനെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാനുമാണ് ഈ തീരുമാനം.
അർദ്ധരാത്രി കഴിഞ്ഞ് പുലർച്ചെ 12:30നാണ് മത്സരം ആരംഭിക്കുക. കളി കൃത്യസമയത്ത് അവസാനിച്ചാൽ തന്നെ പുലർച്ചെ 2:30 ആകും. സമ്മാനദാന ചടങ്ങുകൾ കൂടി കഴിയുമ്പോൾ പുലർച്ചെ മൂന്ന് മണിയാകും.
മത്സരം എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീളുകയാണെങ്കിൽ വിജയികളെ നിർണ്ണയിച്ച് കളി തീരുമ്പോൾ നേരം വെളുക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് കുട്ടികളുടെ ആരോഗ്യവും മാനസിക സമ്മർദ്ദവും മുൻനിർത്തി തിങ്കളാഴ്ച അവധി നൽകാൻ സ്കൂൾ മാനേജ്മെന്റ് തീരുമാനിച്ചത്.