
ഹരിയാന : പരിസ്ഥിതി സൗഹൃദ ഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.
പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ ട്രെയിൻ സർവീസിന് നമോ ഗ്രീൻ റെയിൽ എന്നാണ് പേരിട്ടിരിക്കുന്നത്. ഹരിയാനയിലെ ജിന്ദിൽ നിന്ന് സോണിപത് വരെയുള്ള 89 കിലോമീറ്റർ ദൂരത്തിലാണ് ട്രെയിൻ സർവീസ് നടത്തുക.
ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ട്രെയിൻ പ്രവർത്തിക്കുന്നത്. അന്തരീക്ഷത്തിലേക്ക് കരിപ്പുക പുറന്തള്ളുന്നതിന് പകരം വെള്ളവും നീരാവിയും മാത്രമാണ് ഈ ട്രെയിനിൽ നിന്നും പുറത്തുവരിക.
രണ്ട് പവർ കാറുകളും എട്ട് പാസഞ്ചർ കോച്ചുകളുമടക്കം ആകെ 10 കോച്ചുകളാണ് ട്രെയിനിലുള്ളത്. 3200 കുതിരശക്തിയുള്ള പ്രൊപ്പൽഷൻ സിസ്റ്റമാണ് ഇതിനുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ബ്രോഡ്‌ഗേജ് ഹൈഡ്രജൻ ട്രെയിനുകളിലൊന്നാണിത്.
ഹൈഡ്രജൻ ചോർച്ച, പുക, കടുത്ത ചൂട്, തീപിടിത്തം എന്നിവ മുൻകൂട്ടി കണ്ടെത്താൻ സാധിക്കുന്ന അത്യാധുനിക സെൻസറുകളും ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനങ്ങളും ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വലിയൊരു സ്വപ്നമാണ് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നത്.
വരും തലമുറയ്ക്കായുള്ള കാൽവെയ്പ്പാണിത്. ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ റെയിൽവേ ജീവനക്കാരെയും സാങ്കേതികവിദഗ്ധരെയും അഭിനന്ദിക്കുന്നു – പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.