Banner Ads

കൊല്ലത്ത് വൻ മയക്കുമരുന്ന് വേട്ട; ഓപ്പറേഷൻ തൂഫാനിൽ 51 ഗ്രാമിലധികം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊല്ലം : ഓപ്പറേഷൻ തൂഫാൻ ശക്തമായി തുടരുന്നതിനിടെ ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. 51.590 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് പിടികൂടി. ചിറക്കര താഴം ഇടവട്ടം രാഹുൽ നിവാസിൽ രാഹുൽരാജ് (32) ആണ് സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.

ബെംഗളൂരുവിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് എത്തിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. ചാത്തന്നൂർ, പാരിപ്പള്ളി, കൊട്ടിയം, കണ്ണനല്ലൂർ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ലഹരിക്കച്ചവടം.

കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം ഹേമലത ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഇയാൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച രാത്രി 7 മണിയോടെ ചിറക്കര താഴം വാഴവിള ഭാഗത്തു വെച്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് പിടിയിലായത്.

ഡാൻസാഫ് എസ്ഐമാരായ ഗോപകുമാർ, സായ്സേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും പാരിപ്പള്ളി പോലീസ് ഇൻസ്പെക്ടർ സുജിത്ത് പിഎസ് എസ്ഐ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംയുക്തമായാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊല്ലം സിറ്റി പരിധിയിൽ നിന്ന് മാത്രം 116.26 ഗ്രാം എംഡിഎംഎ ആണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.