
ചേർത്തല : കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 14കാരൻ വെള്ളിയാകുളത്തിൽ മുങ്ങിമരിച്ചതിന്റെ നടുക്കത്തിലാണ് ചേർത്തല തച്ചപ്പൊഴിവെളി പ്രദേശം. ചേർത്തല നഗരസഭ 19-ാം വാർഡ് തച്ചപ്പൊഴിവെളി അനിൽകുമാറിന്റെ മകൻ മഹാദേവാണ് കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് അപകടത്തിൽപെട്ട് മരിച്ചത്.
വെള്ളിയാകുളത്തിന്റെ കിഴക്കേ കരയിലും മധ്യഭാഗത്തുമുള്ള പ്രധാന കടവുകളിൽ അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. മൂന്ന് വർഷം മുമ്പ് കേന്ദ്ര സർക്കാരിന്റെ തണ്ണീർത്തട നവീകരണ പദ്ധതിയുടെ ഭാഗമായാണ് തണ്ണീർമുക്കം പഞ്ചായത്തിലെ ജലാശയങ്ങൾ ശുചീകരിച്ചത്.
ഇതിന്റെ ഭാഗമായി വെള്ളിയാകുളവും നവീകരിച്ച് ചുറ്റും കല്ലുകെട്ടി, മണ്ണുനീക്കി ആഴം കൂട്ടിയിരുന്നു. എന്നാൽ കരിങ്കല്ല് കെട്ടാൻ ഉപയോഗിച്ച ശേഷം ബാക്കി വന്ന വലിയ കല്ലുകൾ കരാറുകാർ കുളത്തിനുള്ളിൽ തന്നെ ഉപേക്ഷിക്കുകയാണ് ചെയ്തത്.
വെള്ളത്തിനടിയിൽ കിടക്കുന്ന കല്ലുകൾ കാണാൻ കഴിയാത്തതിനാൽ കുളിക്കാനിറങ്ങുന്നവരുടെ കാലിനും മറ്റും പരിക്കേൽക്കുന്നത് പതിവാണ്. രണ്ട് വർഷം മുൻപും സമാനമായ രീതിയിൽ ഒരു വിദ്യാർത്ഥി ഈ കുളത്തിൽ മുങ്ങിമരിച്ചിരുന്നു. അന്ന് കുളത്തിന്റെ പടിഞ്ഞാറേ കരയിൽ മാത്രമാണ് ഒരു സൂചനാ ബോർഡ് സ്ഥാപിച്ചത്.
മറ്റ് പ്രധാന കടവുകളിൽ ബോർഡുകളില്ലാത്തത് വീണ്ടും ദുരന്തങ്ങൾക്ക് വഴിവെയ്ക്കുകയാണ്. ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്ന ചെറുപ്പക്കാരും വിദ്യാർത്ഥികളും പ്രദേശവാസികളുടെ മുന്നറിയിപ്പുകൾ അവഗണിച്ച് കുളത്തിലിറങ്ങുന്നതും അപകടങ്ങളുടെ തീവ്രത കൂട്ടുന്നു.
അപകടാവസ്ഥയിലായ വെള്ളിയാകുളത്തിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും വെള്ളത്തിനടിയിലെ അപകടകരമായ കല്ലുകൾ നീക്കം ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.