
കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങളടങ്ങിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കുട്ടിയുടെ ചുണ്ടിലും താടിയിലുമുള്ള മുറിവുകൾ ആഴത്തിലുള്ളതായിരുന്നില്ലെന്നും, അതിനാൽ ജനറൽ അനസ്തീഷ്യ നൽകിയുള്ള ശസ്ത്രക്രിയയുടെ യാതൊരു ആവശ്യവുമില്ലായിരുന്നുവെന്നും പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമാക്കുന്നു.ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ പോയതാണ് മരണകാരണം. അനസ്തീഷ്യ നൽകി പത്ത് മിനിറ്റിനകം കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും ബോധരഹിതനാകുകയുമായിരുന്നു.
തുടർന്ന് അഞ്ച് ദിവസത്തോളം ചികിത്സയിലിരുന്ന ശേഷമാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ചികിത്സയ്ക്ക് നേതൃത്വം നൽകിയ പീഡിയാട്രിഷ്യൻ ഡോ. ആശ നിർമ്മൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി എന്നിവരും പൊലീസ് അന്വേഷണ പരിധിയിലാണ്.കേസിന് പിന്നാലെ മൂന്ന് ഡോക്ടർമാരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൂവരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കണ്ണൂർ ഡി.എം.ഒയ്ക്ക് (DMO) അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ ഡിവൈ.എസ്.പി കത്ത് നൽകി. പൊലീസ് ശേഖരിച്ച കുട്ടിയുടെ ചികിത്സാ രേഖകൾ മുഴുവൻ മെഡിക്കൽ ബോർഡിന് കൈമാറും. ബോർഡിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും പൊലീസ് ഡോക്ടർമാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുക.