
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി കോളേജിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം നീതി തേടി ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കാണും. കേസിൽ പുതിയ അന്വേഷണ സംഘത്തെ (SIT) നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നിവേദനം നൽകും.
നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ നടപടികളിൽ തൃപ്തിയില്ലെന്നും, അതിനാൽ അന്വേഷണം മറ്റൊരു സംഘത്തിന് കൈമാറണമെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രഗത്ഭരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കണമെന്ന് ഇവർ സർക്കാരിനോട് ആവശ്യപ്പെടും.
കേസിലെ ഒന്നാം പ്രതിയായ ഡോക്ടർ റാമിനെ ഒളിവിലായിട്ട് നാളുകളേറെയായിട്ടും കണ്ടെത്താൻ ഇപ്പോഴത്തെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. പ്രതി ഡോക്ടർ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ സുപ്രീംകോടതി തള്ളിയിട്ടും ഇയാളെ പിടികൂടാൻ വൈകുന്നതിലാണ് കുടുംബം കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നത്.