Banner Ads

ഗൂഗിൾ പേ വഴി പണം നൽകാമെന്ന് വ്യാജ വാഗ്ദാനം; പെരുമ്പാവൂരിൽ ചിപ്സ് കടയിൽ നിന്ന് പണവും ചിപ്സുമായി യുവാക്കൾ കടന്നു

പെരുമ്പാവൂർ: ഡിജിറ്റൽ ഇടപാടിന്റെ പേരിൽ വിശ്വസിപ്പിച്ച് ചിപ്സ് കടയിൽ നിന്ന് ചിപ്സും പണവും തട്ടിയെടുത്തു കടന്നുകളഞ്ഞ രണ്ട് യുവാക്കൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിലുള്ള ‘കൊച്ചിൻ ചിപ്സ്’ എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച വൈകുന്നേരം 5.50-ഓടെ സിനിമാറ്റിക് മോഡൽ തട്ടിപ്പ് നടന്നത്.കടയിലെത്തിയ യുവാക്കൾ ആദ്യം 170 രൂപയുടെ ചിപ്സ് വാങ്ങി.

തുടർന്ന് തങ്ങളുടെ പക്കൽ പണമായി 500 രൂപ നൽകിയാൽ, അതിനൊപ്പം ചിപ്സിന്റെ വിലയായ 170 രൂപയും ചേർത്തുള്ള 670 രൂപ ഗൂഗിൾ പേ വഴി കടയിലെ ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് അയച്ചുതരാമെന്ന് വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച് ജീവനക്കാരൻ 500 രൂപ കയ്യിൽ കൊടുത്ത ഉടൻ തന്നെ, ഇരുവരും ചിപ്സും പണവുമായി ബൈക്കിൽ വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു.പണം മൊബൈൽ വഴി ട്രാൻസ്ഫർ ചെയ്യാതെയാണ് ഇവർ ജീവനക്കാരനെ പറ്റിച്ച് കടന്നുകളഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളുടെ വ്യക്തമായ സിസിടിവി (CCTV) ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കടയുടമയുടെ പരാതിയിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.