
തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി വിജയകരമായി ഒരു മാസം പിന്നിടുന്നു. വനിതാ യാത്രക്കാർക്കിടയിൽ പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.ഒരു മാസം കൊണ്ട് ഏകദേശം 3 കോടി സ്ത്രീകൾ പദ്ധതി പ്രയോജനപ്പെടുത്തി.സൗജന്യ യാത്രയുടെ മൂല്യം ഏകദേശം 95 കോടി രൂപ.ശരാശരി 11 മുതൽ 12 ലക്ഷം വരെ സ്ത്രീകൾ പ്രതിദിനം സൗജന്യമായി യാത്ര ചെയ്യുന്നു.സൗജന്യയാത്രയ്ക്കായി 3,125 ഓർഡിനറി ബസുകളാണ് സർവീസ് നടത്തുന്നത്.
സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനം വരെ വർധനവാണ് കെ.എസ്.ആർ.ടി.സി രേഖപ്പെടുത്തിയിട്ടുള്ളത്.പദ്ധതി വൻ വിജയമാണെങ്കിലും കെ.എസ്.ആർ.ടി.സി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രതിദിനം 3.5 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്.സർക്കാർ നൽകേണ്ട സഹായധനം വൈകുന്നതാണ് പ്രധാന പ്രതിസന്ധി.
ഇതുവരെ 100 കോടി രൂപ മാത്രമാണ് സർക്കാരിൽ നിന്ന് ലഭിച്ചത്. ഇതിൽ പകുതിയും (50 കോടി) നിലവിലുള്ള സാധാരണ ധനസഹായമാണ്.
എസ്.ബി.ഐ. കൺസോർഷ്യത്തിൽ നിന്നുള്ള 50 കോടിയുടെ പ്രതിമാസ ഓവർഡ്രാഫ്റ്റ് (OD) പരിധി ഉയർത്തിക്കിട്ടാത്ത സാഹചര്യത്തിൽ, പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി.’പ്രിയദർശിനി’ പദ്ധതി സംസ്ഥാനത്തെ പകുതിയോളം സ്വകാര്യ ബസുകളെ പ്രതികൂലമായി ബാധിച്ചു. ഉടമകളും ജീവനക്കാരും ഒരുപോലെ ആശങ്കയിലാണ്.സർവീസ് കഴിഞ്ഞ് ഡീസൽ ചെലവും സ്വന്തം കൂലിയും കഴിഞ്ഞ് ബാക്കി തുക ഉടമയ്ക്ക് നൽകുന്നതാണ് സ്വകാര്യ ബസുകളിലെ രീതി. എന്നാൽ വരുമാനം ഇടിഞ്ഞതോടെ, നിശ്ചിത തുക ഉടമയ്ക്ക് നൽകാനായി ജീവനക്കാർ തങ്ങളുടെ ദിനബത്ത 1200 രൂപയിൽ നിന്നും 800–900 രൂപയായി കുറച്ചിരിക്കുകയാണ്.
ബസുകൾക്ക് അകത്തും പുറത്തും പരസ്യം പതിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും, ഇതുവഴിയുള്ള വരുമാനം കൊണ്ട് ഉണ്ടാകുന്ന നഷ്ടം നികത്താനാകില്ലെന്നാണ് ബസുടമകളുടെ നിലപാട്.സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.റിട്ടയേർഡ് ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ. പത്മകുമാർ.സംസ്ഥാനത്ത് ഉടൻ തന്നെ സമഗ്രമായ ഒരു ഗതാഗത നയം രൂപവത്കരിക്കുമെന്നും, ബസുടമകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു.