
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വർഷങ്ങളായി നിർത്തിയിട്ടിരുന്ന ആരോഗ്യ വകുപ്പിന്റെ മിനി വാനിൽ നിന്നും വടിവാൾ കണ്ടെടുത്തു. ഒ.പി ബ്ലോക്കിന് മുൻപിൽ കട്ടപ്പുറത്തായ നിലയിൽ കിടന്നിരുന്ന വാനിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാൾ. ആശുപത്രിയിലെത്തിയ ആളാണ് വാഹനത്തിനുള്ളിലെ മാലിന്യങ്ങൾക്കിടയിൽ വടിവാൾ കണ്ട് സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചത്.തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് മഞ്ചേരി പോലീസ് സ്ഥലത്തെത്തി വടിവാൾ കസ്റ്റഡിയിലെടുത്തു.
48 സെന്റീമീറ്റർ നീളവും മൂന്നര സെന്റീമീറ്റർ വീതിയുമുള്ള വാളിന്റെ മൂർച്ചയുള്ള ഭാഗം തുരുമ്പെടുത്ത നിലയിലായിരുന്നു.ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് ശേഷം ആയുധം ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (BNS) വകുപ്പ് 106 പ്രകാരം പോലീസ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത വടിവാൾ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്നും, സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായും മഞ്ചേരി പോലീസ് വ്യക്തമാക്കി.