
കണ്ണൂർ : കണ്ണൂർ സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഗവർണർക്കും വൈസ് ചാൻസലർക്കുമെതിരെ വിമർശനവുമായി സിൻഡിക്കേറ്റ് അംഗങ്ങൾ. സിൻഡിക്കേറ്റ് നൽകിയ പാനൽ പൂർണ്ണമായും തഴഞ്ഞ് ചാൻസലർ കൂടിയായ ഗവർണർ സ്വന്തം നിലയ്ക്ക് പുതിയ പട്ടിക തയ്യാറാക്കിയത് ചട്ടവിരുദ്ധമാണെന്നാണ് ആരോപണം.
സർവകലാശാലയിൽ സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഗവർണറുടെ നടപടിയെന്ന് ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിക്കുന്നു. ബിരുദ, ബിരുദാനന്തര വിഷയങ്ങളുടെ 59 പഠന ബോർഡുകളിലേക്ക് അംഗങ്ങളെ നിശ്ചയിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് വൈസ് ചാൻസലർ വിജ്ഞാപനം ഇറക്കിയത്.
സിൻഡിക്കേറ്റ് ഉപസമിതി കൃത്യമായി തയ്യാറാക്കി നൽകിയ ശുപാർശപ്പട്ടിക ഗവർണർ ഏകപക്ഷീയമായി വെട്ടിമാറ്റിയെന്ന് അംഗങ്ങൾ പറയുന്നു. ഗവർണർ നൽകുന്ന പുതിയ പട്ടിക സിൻഡിക്കേറ്റ് യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങണമെന്ന സർവകലാശാലാ ചട്ടവും ഈ നടപടിയിലൂടെ നഗ്നമായി ലംഘിക്കപ്പെട്ടുവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
സിൻഡിക്കേറ്റിന്റെ വാദങ്ങളെ തള്ളിക്കൊണ്ട് വൈസ് ചാൻസലർ ഡോ കെകെ സാജു രംഗത്തെത്തി. സിൻഡിക്കേറ്റിന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് വിസി ഡോ കെകെ സാജു വ്യക്തമാക്കി. സിൻഡിക്കേറ്റ് സമർപ്പിക്കുന്ന പട്ടിക അതേപടി അംഗീകരിക്കാൻ ഗവർണർക്ക് നിയമപരമായി യാതൊരു ബാധ്യതയുമില്ല.
പുതിയ അധ്യയന വർഷത്തേക്കുള്ള സിലബസ്, ചോദ്യബാങ്ക് എന്നിവ തയ്യാറാക്കുന്ന നടപടികൾ വൈകാൻ പാടില്ല. വിദ്യാർത്ഥികളുടെ ഭാവിയെ കരുതി നടപടികൾ വേഗത്തിലാക്കാനാണ് ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ച് വിജ്ഞാപനം ഇറക്കിയതെന്നും വിസി വിശദീകരിച്ചു.
സർവകലാശാലാ സിൻഡിക്കേറ്റ് പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബോർഡ് ഓഫ് സ്റ്റഡീസ് വിഷയത്തിൽ നിലവിലെ സിൻഡിക്കേറ്റിന് നിയമപരമായി മുന്നോട്ടുപോകുന്നതിനോ ഇടപെടുന്നതിനോ സാങ്കേതിക പരിമിതികളുണ്ടെന്നാണ് വിലയിരുത്തൽ.