Banner Ads

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി വീണ്ടും ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അറസ്റ്റിൽ

കൊല്ലം: ട്യൂഷന് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും, പിന്നീട് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി നാൽക്കവല ചരുവിള പുത്തൻവീട്ടിൽ ശ്രീകുമാർ (49) ആണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം പൂയപ്പള്ളിയിൽ ട്യൂഷന് പോകുകയായിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ശ്രീകുമാർ കയറിപ്പിടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പൂയപ്പള്ളി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, പെൺകുട്ടിയുടെ വീട്ടുകാരുടെ അഭ്യർത്ഥന മുൻനിർത്തി അന്ന് താക്കീത് നൽകി വിട്ടയക്കുകയാണുണ്ടായത്.

പോലീസ് വിട്ടയച്ചതിന് പിന്നാലെ പ്രതി വീണ്ടും പെൺകുട്ടിയുടെ വീട്ടിലെത്തുകയും വീട്ടുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ വീട്ടുകാർ വീണ്ടും പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൂയപ്പള്ളി പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.