
തിരുവനന്തപുരം: കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിനുള്ളിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡിൽ നിന്നുള്ള കൗൺസിലറാണ് സുഗതൻ.
പൂജപ്പുര സെൻട്രൽ ജയിലിലെ ലൈബ്രറി ഹാളിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ രാവിലെ 11 മണിയോടെയായിരുന്നു ചടങ്ങുകൾ നടന്നത്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് സുഗതന് ദൈവനാമത്തിൽ സത്യവാചകം ചൊല്ലിക്കൊടുത്തു.മേയർ, കോർപ്പറേഷൻ സെക്രട്ടറി, ജയിൽ സൂപ്രണ്ട് എന്നിവർക്കായി മൂന്ന് കസേരകൾ മാത്രമാണ് വേദിയിൽ ഒരുക്കിയിരുന്നത്.
ഏതാനും മിനിറ്റുകൾ മാത്രമാണ് ചടങ്ങ് നീണ്ടുനിന്നത്.കർശന സുരക്ഷാ മാനദണ്ഡങ്ങളോടെ മാധ്യമപ്രവർത്തകർക്ക് ജയിലിനുള്ളിലെ ഈ അപൂർവ്വ ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ അനുവാദം നൽകിയിരുന്നു.കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ജയിലിനുള്ളിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ സംഘടിപ്പിച്ചത്.