
ദുബായ്/വാഷിംഗ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത വിട്ടുവീഴ്ചയില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് എണ്ണടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യു.എ.ഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു.അതേസമയം, മേഖലയിൽ നാവിക ഉപരോധം പുനഃസ്ഥാപിച്ചുകൊണ്ട്, ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം ഇനി അമേരിക്ക കൈകാര്യം ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
എന്നാൽ, ഇതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ തൊട്ടുപിന്നാലെ രംഗത്തെത്തി.ഹോർമൂസ് നിയന്ത്രിക്കാൻ അമേരിക്കയെ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, ചെങ്കടലിലെ പ്രധാന കപ്പൽപ്പാതയായ ‘ബാബ് അൽ മന്ദബ്’ അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തി. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ‘പ്രസ് ടിവി’യിലൂടെയാണ് ഈ മുന്നറിയിപ്പ് നൽകിയത്.ഈ പാതകൾ അടയ്ക്കുന്നതോടെ ആഗോള ഇന്ധന വിപണി പൂർണ്ണമായും തകരുമെന്നും പല രാജ്യങ്ങളും കടുത്ത പട്ടിണിയിലേക്ക് നീങ്ങുമെന്നും ഇറാൻ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നു.യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള തർക്കങ്ങൾ മുറുകുന്നതാണ് ചെങ്കടലിലെ പുതിയ പ്രതിസന്ധിക്ക് കാരണം.
യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, തങ്ങൾക്കെതിരെയുള്ള സൈനിക നീക്കങ്ങൾ സൗദി അറേബ്യ അവസാനിപ്പിച്ചില്ലെങ്കിൽ ബാബ് അൽ മന്ദബ് പാത പൂർണ്ണമായും അടയ്ക്കുമെന്ന് യെമനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇത്തരമൊരു നീക്കമുണ്ടായാൽ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 200 ഡോളർ വരെയായി ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇത് ലോകമെമ്പാടും വലിയ വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കും വഴിതുറക്കും.