Banner Ads

നിയന്ത്രണങ്ങളില്ലാതെ താലികെട്ട്, 721 കുട്ടികൾക്ക് ചോറൂണ്; ഞായറാഴ്ച ഗുരുവായൂർ സന്നിധിയിൽ ഒഴുകിയെത്തിയത് പതിനായിരങ്ങൾ

ഗുരുവായൂർ : മിഥുനമാസത്തിലെ അത്യപൂർവ്വ മുഹൂർത്തദിനമായ ഞായറാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. പുലർച്ചെ നിർമ്മാല്യ ദർശനത്തിനായി നട തുറന്നത് മുതൽ ഭക്തരുടെ നീണ്ട നിരയായിരുന്നു. 185 വിവാഹങ്ങളാണ് ക്ഷേത്രസന്നിധിയിൽ നടന്നത്.

പുലർച്ചെ അഞ്ച് മണി മുതൽ നാല് മണ്ഡപങ്ങളിലായിട്ടാണ് വിവാഹച്ചടങ്ങുകൾ ആരംഭിച്ചത്. ഉച്ചപൂജയ്ക്ക് നടയടയ്ക്കുന്നതിന് മുമ്പ് പന്ത്രണ്ട് മണിയോടെ മുഴുവൻ വിവാഹങ്ങളും പൂർത്തിയായി. മുൻപ് തിരക്കുള്ള ദിവസങ്ങളിൽ വിവാഹമണ്ഡപത്തിന് സമീപത്തേക്ക് 24 പേർക്ക് മാത്രമായിരുന്നു പ്രവേശനം.

എന്നാൽ ഇന്ന് (ഞായറാഴ്ച) ഒരു നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. രാവിലെ 11 മണി വരെ ക്ഷേത്രത്തിനകത്തും പുറത്തും വൺവേ സംവിധാനത്തിലൂടെയാണ് ഭക്തരെ നിയന്ത്രിച്ചത്. തിരക്ക് നിയന്ത്രിക്കുന്നതിനായി ടെമ്പിൾ പോലീസ് എസ്എച്ച്ഒ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ പോലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

വലിയ തിരക്കായിരുന്നിട്ടും ഭക്തർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത രീതിയിലാണ് ദർശനം ക്രമീകരിച്ചത്. 721 കുട്ടികൾക്ക് ചോറൂണ് നൽകി. വഴിപാട് ഇനത്തിൽ മാത്രം 99,03,014 രൂപയാണ് ദേവസ്വത്തിന് ലഭിച്ചത്. വരി നിൽക്കാതെ ദർശനം നടത്തുന്നതിനായുള്ള നെയ്‌വിളക്ക് ശീട്ടാക്കിയ വകയിൽ മാത്രം 35,55,000 രൂപയും ക്ഷേത്രത്തിന് വരുമാനമായി ലഭിച്ചു.