Banner Ads

വിയറ്റ്‌നാം ബോട്ട് അപകടം; മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും

തിരുവനന്തപുരം : വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും. കൊട്ടാരക്കര സ്വദേശികളായ എസി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ നാളെ രാത്രി പത്ത് മണിയോടെ മുംബൈ വിമാനത്താവളത്തിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുംബൈയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും. ഇവിടെനിന്നും കൊട്ടാരക്കരയിലെ വസതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നോർക്ക ഏകോപിപ്പിക്കും. മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുന്ന സമയം പിന്നീട് വ്യക്തമാക്കും.

വിയറ്റ്‌നാമിലെ ഫു ക്വോക്കിന് സമീപമായിരുന്നു അപകടം. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും കാരണം ബോട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ലാവ മൊബൈൽ കമ്പനി തങ്ങളുടെ വിതരണക്കാർക്കും ജീവനക്കാർക്കുമായി സംഘടിപ്പിച്ച വിയറ്റ്‌നാം ടൂറിന്റെ ഭാഗമായി എത്തിയവരാണ് ബോട്ടിലുണ്ടായിരുന്ന യാത്രികരിൽ ഭൂരിഭാഗവും.

യാത്ര തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ തന്നെ ബോട്ട് തലകീഴായി മറിയുകയായിരുന്നുവെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. നാല് ജീവനക്കാരും 32 വിനോദസഞ്ചാരികളും ഉൾപ്പെടെ 36 പേരാണ് ബോട്ടിലുണ്ടായിരുന്നത്.

അപകടത്തിൽ 15 വിനോദസഞ്ചാരികൾ മരിക്കുകയും 21 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. മരിച്ചവരിൽ ഭൂരിഭാഗം പേരും ദക്ഷിണേന്ത്യക്കാരാണ്.