Banner Ads

വോട്ടർപട്ടിക പരിഷ്കരണം ലക്ഷക്കണക്കിന് ആളുകളുടെ വോട്ടവകാശം ഇല്ലാതാക്കി; കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഐക്യരാഷ്ട്രസഭ

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയ (SIR) ലക്ഷക്കണക്കിന് ആളുകളുടെ വോട്ടവകാശം ഇല്ലാതാക്കിയതായും ന്യൂനപക്ഷ സമുദായങ്ങളെ പ്രതികൂലമായി ബാധിച്ചതായും ഐക്യരാഷ്ട്രസഭയുടെ മൂന്ന് പ്രതിനിധികൾ. കേന്ദ്ര സർക്കാരിന് അയച്ച കത്തിലാണ് പ്രതിനിധികൾ ആശങ്ക രേഖപ്പെടുത്തിയത്.

യുഎന്നിന്റെ മതസ്വാതന്ത്ര്യം, ന്യൂനപക്ഷകാര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നീ വിഭാഗങ്ങളിലെ പ്രതിനിധികളാണ് കത്തയച്ചിരിക്കുന്നത്. പശ്ചിമ ബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ വോട്ടർപട്ടിക പരിഷ്കരണ നടപടികൾ ചൂണ്ടിക്കാണിച്ചാണ് കത്തിലെ വിമർശനം. വോട്ടർപട്ടിക പരിഷ്കരണം വംശീയ,

മത, ഭാഷാ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീം ജനവിഭാഗങ്ങളെ ദോഷകരമായി ബാധിച്ചതായി സൂചന നൽകുന്ന വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രതിനിധികൾ കത്തിൽ വ്യക്തമാക്കുന്നു.

2026 ഏപ്രിലിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ നടത്തിയ എസ്‌ഐആർ പ്രക്രിയയിലാണ് വോട്ടർമാരെ വ്യാപകമായി ഒഴിവാക്കിയതെന്ന് റിപ്പോർട്ട് പ്രധാനമായി ചൂണ്ടിക്കാണിക്കുന്നു. ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണവും കത്തിൽ പരാമർശിച്ചിട്ടുണ്ട്.

ബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും സാധുവായ മറ്റ് ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ ഉണ്ടായിരുന്നിട്ടും വോട്ടവകാശം നിഷേധിക്കപ്പെട്ടതായി യുഎൻ വിദഗ്ധർ നിരീക്ഷിച്ചു.

പശ്ചിമ ബംഗാളിലെ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിൽ വോട്ടർപട്ടികയിൽ നിന്നും വെട്ടിമാറ്റിയ പേരുകളിൽ 95 ശതമാനവും മുസ്ലീം വോട്ടർമാരുടേതാണെന്ന വിവരവും പ്രതിനിധികൾ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്.