
കോഴിക്കോട്: ജനവാസ മേഖലയിൽ വീടിനോട് ചേർന്ന പറമ്പിൽ മനുഷ്യ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്രയ്ക്ക് സമീപം ചാലിക്കരയിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാക്കാമാക്കൂൽ മീത്തൽ കുഞ്ഞിക്കണ്ണൻ എന്നയാളുടെ വീടിന് സമീപത്ത് നിന്നാണ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചത്. കുഞ്ഞിക്കണ്ണനെ ദിവസങ്ങൾക്ക് മുൻപ് കാണാതായിരുന്നു.
കണ്ടെത്തിയ ശരീരഭാഗങ്ങൾ ഇദ്ദേഹത്തിന്റേത് തന്നെയാണോ എന്ന ശക്തമായ സംശയം നിലനിൽക്കുന്നുണ്ട്.കുഞ്ഞിക്കണ്ണന്റെ വീടിന് സമീപത്തുള്ളവരാണ് പറമ്പിൽ ആദ്യം തലയോട്ടിയും ശരീരത്തിലെ മറ്റ് എല്ലുകളും ഉൾപ്പെടെയുള്ളവ കണ്ടത്. തലയോട്ടിയും മറ്റ് അസ്ഥികളും വേറിട്ട നിലയിലായിരുന്നു കാണപ്പെട്ടത്. ഇവയ്ക്ക് കുറഞ്ഞത് ഒരു മാസത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.
ഈ വീട്ടിൽ കുഞ്ഞിക്കണ്ണൻ തനിച്ചായിരുന്നു താമസം. എന്നാൽ ദിവസങ്ങളായി ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവമറിഞ്ഞ് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കാനും യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരാനുമുള്ള അന്വേഷണത്തിലാണ് പോലീസ്.