Banner Ads

‘ആഴക്കടലിന്റെ അങ്ങേക്കരയിലായി’… അനശ്വര സ്വരം മാഞ്ഞു; എസ്. ജാനകിക്ക് വിട

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശ്വസനസംബന്ധമായ അസ്വസ്ഥതകളെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ തുടരുന്നതിനിടെ വൈകിട്ട് 7.30ഓടെ അവർ മരണത്തിന് കീഴടങ്ങി.ജാനകിയുടെ മരണവിവരം കൊച്ചുമകൾ അപ്സര വിദ്യുലയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

കുടുംബം അതീവ ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ പ്രയാസകരമായ ഘട്ടത്തിൽ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നുമാണ് അവർ അഭ്യർഥിച്ചത്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 17 ഭാഷകളിലായി 40,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച എസ്. ജാനകി ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തിലെ ഏറ്റവും ശ്രദ്ധേയരായ ഗായികമാരിൽ ഒരാളായിരുന്നു.

ആന്ധ്രപ്രദേശ് സ്വദേശിനിയായ അവർ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ സ്വന്തമാക്കി. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാന സർക്കാരുകളുടെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരങ്ങളും അവർക്ക് ലഭിച്ചിരുന്നു.2013-ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്കാരം ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണന ചൂണ്ടിക്കാട്ടി എസ്. ജാനകി നിരസിച്ചിരുന്നു.