Banner Ads

സ്പെയിനിൽ അതിശക്തമായ കാട്ടുതീ: 12 മരണം, 23 പേരെ കാണാതായി

മാഡ്രിഡ്: തെക്കൻ സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിലുണ്ടായ അതിശക്തമായ കാട്ടുതീയിൽ 12 പേർക്ക് ദാരുണാന്ത്യം. കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് പടർന്നുപിടിച്ച തീയിലാണ് വൻ ദുരന്തമുണ്ടായത്. മരിച്ചവരിൽ നാല് പേർ ബ്രിട്ടീഷ് പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം. ദുരന്തത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ തീ പടർന്നുപിടിച്ച് കാറുകൾക്കുള്ളിൽ കുടുങ്ങിയ നിലയിലാണ് പല മൃതദേഹങ്ങളും കണ്ടെത്തിയത്. കാറുകൾക്കുള്ളിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ ചിലരെയും രക്ഷാപ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് നിലവിൽ 23 പേരെ കാണാതായതായാണ് റിപ്പോർട്ടുകൾ.ശക്തമായ കാട്ടുതീയിൽ ഇതുവരെ 4,000 ഹെക്ടറിലധികം ഭൂമി പൂർണ്ണമായും കത്തിനശിച്ചതായി അൻഡലൂഷ്യൻ പ്രസിഡന്റ് ജുവാന്‍മ മൊറേനോ വ്യക്തമാക്കി.

പ്രദേശത്ത് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.യൂറോപ്പിൽ നിലനിൽക്കുന്ന കടുത്ത വേനലും ഉഷ്ണതരംഗവുമാണ് തീ ഇത്ര വേഗത്തിൽ പടരാൻ കാരണമായത്. കൂടുതൽ ആളുകളിലേക്ക് അപകടം വ്യാപിക്കാതിരിക്കാൻ അഗ്നിശമന സേനയും ദുരന്തനിവാരണ വിഭാഗവും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നത്.