
കൊച്ചി : അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവയായ ഇഞ്ചിയുടെ വില വിപണിയിൽ കുത്തനെ ഉയർന്നതോടെ കേരളത്തിലെ കുടുംബബജറ്റും ഹോട്ടൽ വ്യവസായവും പ്രതിസന്ധിയിൽ. ചില്ലറ വിപണിയിൽ ഇഞ്ചി വില കിലോഗ്രാമിന് 300 രൂപയും കടന്ന് മുന്നേറുകയാണ്.
മൊത്തവിപണിയിൽ കിലോയ്ക്ക് 280 രൂപയാണ് വില. കനത്ത വിളനാശവും ഉൽപ്പാദനക്കുറവുമാണ് ഇഞ്ചി വില സാധാരണക്കാർക്ക് താങ്ങാനാകാത്ത വിധം ഉയരാൻ കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ 60 കിലോ അടങ്ങിയ ഒരു ചാക്ക് ഇഞ്ചിക്ക് 8500 മുതൽ 11000 രൂപ വരെയാണ് വിപണിയിലെ വില. കഴിഞ്ഞ വർഷം ഇതേ ചാക്കിന് 1500 മുതൽ 2000 രൂപ വരെ മാത്രമായിരുന്നു വില. വില കുതിച്ചുയരുന്നുണ്ടെങ്കിലും ഇതിന്റെ നേട്ടം കർഷകരിലേക്ക് എത്തുന്നില്ല.
വർധിച്ച കൃഷിച്ചെലവും കടുത്ത വിളനാശവും കാരണം ഭൂരിഭാഗം കർഷകരും കടക്കെണിയിലാണ്. കനത്ത മഴയും അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനവുമാണ് ഇഞ്ചി കൃഷിയെ സാരമായി ബാധിച്ചത്.
ഇതിനുപുറമേ പൈറിക്കുലേറിയ പോലുള്ള കുമിൾ രോഗബാധ മൂലം ഏക്കർകണക്കിന് കൃഷിയിടങ്ങളാണ് നശിച്ചുപോയത്. ഭൂരിഭാഗം കർഷകരും ഇഞ്ചി കൃഷി പൂർണ്ണമായും ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ടായി.
വിലക്കയറ്റത്തിനൊപ്പം വിപണിയിൽ നാടൻ ഇഞ്ചിയുടെ ലഭ്യത പാടേ കുറഞ്ഞിരിക്കുകയാണ്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇഞ്ചി കേരളത്തിലെ വിപണികളിൽ വ്യാപകമായി ഇടംപിടിച്ചിട്ടുണ്ട്.
നാടൻ ഇഞ്ചിയേക്കാൾ ഗുണനിലവാരം കുറവാണെങ്കിലും വിലക്കൂടുതൽ കാരണം ഉപഭോക്താക്കൾ ഇതിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.