
തിരുവനന്തപുരം : തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു. എറണാകുളം സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിയായ യുവതിയുമാണ് മരിച്ചത്. കോവളം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചുവീണ രണ്ടുപേരുടെയും തല സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിലാണ് ഇടിച്ചത്. നാട്ടുകാരും പോലീസും ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവല്ലം പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.