
മുന്നാർ: കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ വൻ വിള്ളൽ രൂപപ്പെട്ടു. പഴയമുന്നാർ സി.എസ്.ഐ. പള്ളിക്ക് സമീപമാണ് റോഡിൽ വലിയ രീതിയിലുള്ള വിള്ളൽ ദൃശ്യമായത്. ഇതേത്തുടർന്ന് ഈ മേഖലയിൽ ഗുരുതരമായ അപകടഭീഷണിയാണ് നിലനിൽക്കുന്നത്.ദേശീയപാതയിലെ വിള്ളൽ കാരണം സമീപത്തുള്ള സി.എസ്.ഐ. പള്ളിയിലെ വൈദികൻ താമസിക്കുന്ന വീടും (പാഴ്സനേജ്) ഇപ്പോൾ തകർച്ചാഭീഷണിയിലാണ്.
ഏതുസമയത്തും മണ്ണൊലിപ്പോ ഇടിവോ ഉണ്ടാകാം എന്ന അവസ്ഥയിലാണ് ഇവിടുത്തെ സാഹചര്യം.ഗതാഗത നിയന്ത്രണത്തിന് സാധ്യതഅപകടത്തെക്കുറിച്ച് വിവരമറിഞ്ഞ് ദേവികുളം സബ് കളക്ടർ സ്ഥലത്തെത്തി അടിയന്തര പരിശോധന നടത്തി. നിലവിലെ അപകടസാധ്യതകൾ കൃത്യമായി വിലയിരുത്തിയ ശേഷം സബ് കളക്ടർ ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കും.
സബ് കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി–ധനുഷ്കോടി ദേശീയപാതയിലൂടെയുള്ള ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.തകർച്ചാഭീഷണിയുള്ളതിനാൽ പ്രദേശത്ത് നിലവിൽ റവന്യൂ-പൊലീസ് അധികൃതരുടെ നേതൃത്വത്തിൽ കടുത്ത ജാഗ്രത തുടരുകയാണ്.