
കൽപറ്റ : മലബാറിന്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാതയുടെ ഭാവിക്ക് നിർണ്ണായകമാകുക വിദഗ്ധസമിതിയുടെ റിപ്പോർട്ട്. പദ്ധതിയുടെ സുരക്ഷയും പ്രായോഗികതയും വിലയിരുത്തുന്ന റിപ്പോർട്ടിനായി സർക്കാർ കാത്തിരിക്കുകയാണ്. തുരങ്കപാതയുടെ തുടർനടപടികൾ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ശാസ്ത്രജ്ഞർ, അന്താരാഷ്ട്ര തലത്തിൽ പരിചയസമ്പന്നരായ തുരങ്കപാതാ വിദഗ്ധർ, ജിയോളജിസ്റ്റുകൾ എന്നിവർ സമിതിയുടെ ഭാഗമാകും. തുരങ്കം കടന്നുപോകുന്ന പ്രദേശത്തെ ഭൂപ്രകൃതി, പാറകളുടെ ഘടന, പരിസ്ഥിതി ആഘാതം എന്നിവ സമിതി വിശദമായി പരിശോധിക്കും. റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കണമെന്ന് സമിതിയോട് ആവശ്യപ്പെടും.