Banner Ads

വീട്ടമ്മ ആശുപത്രിയിലായ സമയം നോക്കി കവർച്ച; കൊല്ലത്ത് 5 പവൻ സ്വർണ്ണവും പണവും കവർന്നു

കൊല്ലം : വീട്ടമ്മ ആശുപത്രിയിലായ സമയം നോക്കി പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം. അഞ്ച് പവൻ സ്വർണാഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷ്ടാവ് കവർന്നത്. മുതുപിലാക്കാട് പടിഞ്ഞാറ് കലാസദനം വീട്ടിൽ തങ്കമണിയമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. തങ്കമണിയമ്മയും സഹായിയായ സ്ത്രീയും മാത്രമായിരുന്നു വീട്ടിൽ താമസം.

ഒരാഴ്ചയായി തങ്കമണിയമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. സഹായി എല്ലാ ദിവസവും ഇവിടെ വന്ന് ഭക്ഷണം പാകം ചെയ്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു പതിവ്. വീടിന്റെ മുൻഭാഗത്തെ കതക് തുറന്നുകിടക്കുന്നത് കണ്ട് സംശയം തോന്നിയ അയൽവാസികളാണ് മോഷണവിവരം പുറത്തറിയിച്ചത്.

പ്രധാന വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. തങ്കമണിയമ്മയുടെ കിടപ്പുമുറിയുടെ പൂട്ടും തകർത്ത് ഉള്ളിൽ കടന്നാണ് സ്വർണ്ണവും പണവും കവർന്നത്. സിസിടിവി ക്യാമറകളും അതിന്റെ റെക്കോർഡിംഗ് ഉപകരണങ്ങളും കള്ളൻ അടിച്ചെടുത്തിട്ടുണ്ട്.

മൈനാഗപ്പള്ളി ഉദയാ ജംഗ്ഷൻ, കുന്നത്തൂർ ഐവർകാല, ശൂരനാട് വടക്ക് ആനയടി എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വീട് കുത്തിത്തുറന്ന് മോഷണശ്രമങ്ങൾ നടന്നിരുന്നു. ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.