
കൊച്ചി : നടൻ ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ചുമതലയുള്ള കടവന്ത്ര എസ്എച്ച്ഒയെ മാറ്റണമെന്ന ആവശ്യവുമായി നടി അൻസിബ ഹസൻ. എസ്എച്ച്ഒയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിഡി സതീശന് പരാതി നൽകുമെന്ന് അൻസിബ വ്യക്തമാക്കി.
ഇന്നലെ കേസിൽ മൊഴി നൽകാനായി കടവന്ത്ര പോലീസ് സ്റ്റേഷനിലെത്തിപ്പോൾ മനഃപൂർവം ബുദ്ധിമുട്ടിച്ചതായി അൻസിബയുടെ അഭിഭാഷകൻ ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ചാണ് ഇന്നലെ വൈകിട്ട് അൻസിബ സ്റ്റേഷനിലെത്തിയത്.
മണിക്കൂറുകളോളം കാത്തുനിന്നിട്ടും മൊഴി രേഖപ്പെടുത്താൻ പോലീസ് തയ്യാറായില്ല. മൊഴിയെടുക്കേണ്ട ഉദ്യോഗസ്ഥർ സ്റ്റേഷനിൽ ഇല്ലെന്ന നിരുത്തരവാദപരമായ മറുപടിയാണ് പോലീസ് നൽകിയത്. ഒരു മണിക്കൂറിലധികം കാത്തുനിന്ന ശേഷം മൊഴി നൽകാതെ മടങ്ങുകയായിരുന്നു.
പരാതി നൽകിയിട്ടും കേസെടുക്കാൻ തയ്യാറാകാതിരുന്ന പോലീസ് കോടതിയുടെ ഇടപെടലിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, മതവികാരം വ്രണപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്.