Banner Ads

‘എംറ്റി സ്പെയ്സ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ പുസ്തക വിവാദം; രചയിതാക്കൾക്കും പ്രസാധകനും സമൻസ് അയക്കാൻ കോടതി ഉത്തരവ്

കോഴിക്കോട് : എംടി വാസുദേവൻ നായരുടെ ആദ്യ ഭാര്യയെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാക്കൾക്കും പ്രസാധകനും സമൻസ് അയക്കാൻ കോടതി ഉത്തരവ്. എംറ്റി സ്പെയ്സ്: ബാഷ്പീകൃതയുടെ ആറാം വിരൽ എന്ന പുസ്തകത്തിന്റെ രചയിതാക്കളായ ദീദി ദാമോദരൻ, എച്ച്മുക്കുട്ടി എന്നിവർക്കും, പുസ്തകം പ്രസിദ്ധീകരിച്ച എ വി ശ്രീകുമാറിനുമാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി സമൻസ് അയക്കാൻ ഉത്തരവിട്ടത്.

കേസ് ഓഗസ്റ്റ് നാലിന് കോടതി വീണ്ടും പരിഗണിക്കും. പുസ്തകത്തിനെതിരെ എംടി വാസുദേവൻ നായരുടെ മക്കളായ സിതാരയും അശ്വതി നായരും നേരത്തെ രംഗത്തെത്തിയിരുന്നു. എംടിയെയും കുടുംബത്തെയും ബോധപൂർവ്വം അപകീർത്തിപ്പെടുത്താനും തേജോവധം ചെയ്യാനും ലക്ഷ്യമിട്ടാണ് പുസ്തകം രചിച്ചിരിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.

പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ വാസ്തവവിരുദ്ധവും അസത്യവുമാണെന്നും ഇത് കുടുംബത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ചാണ് എംടിയുടെ കുടുംബം നിയമനടപടിയുമായി മുന്നോട്ടുപോയത്.