Banner Ads

ബെംഗളൂരു ഡേ കെയർ ക്രൂരത; ദൃശ്യങ്ങൾ പുറത്തുവിട്ട മുൻ ആയ സുജാത അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിലെ ഡേ കെയർ സെന്ററിൽ രണ്ടും മൂന്നും വയസ്സുള്ള കുരുന്നുകളോട് കാട്ടിയ കൊടും ക്രൂരതയിൽ ഒരാൾ കൂടി അറസ്റ്റിൽ. സ്ഥാപനത്തിലെ മുൻ ആയ സുജാതയെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുറത്തുവിട്ടത് സുജാതയാണ്.

ജോലി പോയ വിരോധത്തിലാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. സുജാതയും കുട്ടികളെ ഉപദ്രവിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കരച്ചിൽ നിർത്താനായി രണ്ടു വയസ്സുകാരായ കുരുന്നുകളെ വാഷിംഗ് മെഷീനകത്ത് ഇറക്കി ഇരുത്തുക,

യൂറോപ്യൻ ക്ലോസറ്റിൽ ഇരുത്തിയ ശേഷം ഹാൻഡ് ഷവർ ഉപയോഗിച്ച് വായിലേക്ക് ശക്തമായി വെള്ളം സ്പ്രേ ചെയ്യുക, ശുചിമുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം പുറത്തുനിന്ന് ഭയപ്പെടുത്തുന്ന രീതിയിൽ ആക്രോശിക്കുക.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർണാടക ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേപ്പ് ജെമിനി എന്ന ഐടി സ്ഥാപനത്തോടനുന്ധിച്ച് പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററിലാണ് സംഭവം. ഇവിടുത്തെ ജീവനക്കാരുടെ മക്കളാണ് ക്രൂരതയ്ക്ക് ഇരയായത്.

ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ കടുത്ത രോഷത്തിലാണ് രക്ഷിതാക്കളും സഹപ്രവർത്തകരും. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് സ്ഥാപന ഉടമയെയും അഞ്ച് ആയമാരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.