
ആലപ്പുഴ : ജില്ലയിൽ സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. തുമ്പോളി എസ്എൻവി എൽപി സ്കൂളിലെ എട്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ 10 ദിവസത്തേക്ക് സ്കൂൾ അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
അഞ്ച് മുതൽ ഒൻപത് വയസ്സ് വരെയുള്ള കുട്ടികളിലും കൗമാരക്കാരിലുമാണ് രോഗവ്യാപനം കണ്ടുവരുന്നത്. രോഗം പടരാതിരിക്കാൻ സർക്കാർ തലത്തിൽ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും മാതാപിതാക്കൾ കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
പാരമിക്സോ വൈറസ് മൂലമുണ്ടാകുന്ന ഈ പകർച്ചവ്യാധി ചെവിക്ക് താഴെയുള്ള ഉമിനീർ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. രോഗബാധിതരായ വ്യക്തികൾ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ, സംസാരിക്കുമ്പോഴോ വായുവിലൂടെയോ സമ്പർക്കത്തിലൂടെയോ ആണ് വൈറസ് പടരുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 12 മുതൽ 25 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
താടയിലെയും മുഖത്തെയും വേദനാജനകമായ വീക്കമാണ് പ്രധാന ലക്ഷണം. പനി, തലവേദന, പേശിവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയും ഉണ്ടാകാം. മുണ്ടിനീരിന്റെ ലക്ഷണങ്ങളെ പല്ലുവേദനയോ തൊണ്ടവേദനയോ ആയി തെറ്റിദ്ധരിച്ച് ചികിത്സ വൈകരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറെ കണ്ട് ചികിത്സ തേടണം. എംഎം ആർ വാക്സിൻ കൃത്യമായി എടുക്കുന്നതിലൂടെയും വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെയും രോഗത്തെ പൂർണ്ണമായി പ്രതിരോധിക്കാൻ സാധിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.