Banner Ads

“23 വയസ്സ് തികഞ്ഞവർക്ക് മാത്രം മദ്യം; ബിവറേജുകളിൽ ഐഡി കാർഡ് പരിശോധന വരുന്നു”

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മദ്യം വാങ്ങാൻ എത്തുന്നവർക്ക് തിരിച്ചറിയൽ കാർഡ് (ID Card) നിർബന്ധമാക്കും. നിലവിൽ മദ്യം വാങ്ങാനുള്ള 23 വയസ്സ് എന്ന പ്രായപരിധി കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഈ നീക്കം.

കർണാടക മോഡലിൽ ‘നോ ഐഡി-നോ എൻട്രി’ എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കാൻ ആലോചിക്കുന്നത്. കൗണ്ടറുകളിൽ എത്തുന്നവരുടെ പ്രായത്തിൽ ജീവനക്കാർക്ക് എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ തന്നെ ഔദ്യോഗിക തിരിച്ചറിയൽ രേഖ ആവശ്യപ്പെടാം. ഇതുമായി ബന്ധപ്പെട്ട ഫയൽ നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. വിശദമായ ചർച്ചകൾക്ക് ശേഷം ഇതിൽ അന്തിമ തീരുമാനമുണ്ടാകും.

മുമ്പ് സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി 18 വയസ്സായിരുന്നു. പിന്നീട് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇത് 21 ആയും, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 23 വയസ്സായും ഉയർത്തി. 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകരുതെന്ന് ഉത്തരവുണ്ടായിരുന്നെങ്കിലും ഇത് കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രായനിയന്ത്രണം കർശനമാക്കാൻ സർക്കാർ പുതിയ നടപടികളിലേക്ക് കടക്കുന്നത്.