Banner Ads

കേരളത്തിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; നാളെ രണ്ടിടത്ത് ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ നാളെ മുതൽ ജൂലൈ നാല് വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന തീരദേശ ന്യൂനമർദ പാത്തിയുടെയും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിടയുള്ള പുതിയ ന്യൂനമർദത്തിന്റെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

ജൂലൈ മൂന്നോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടേക്കും.ഇന്ന് മുതൽ ജൂലൈ 5 വരെ കേരളത്തിലും മാഹിയിലും പരക്കെ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും (ചില സമയങ്ങളിൽ പരമാവധി 60 കി.മീ വരെയും) വേഗതയിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം.ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണമെന്നും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശത്തിൽ വ്യക്തമാക്കുന്നു.