Banner Ads

അൻസിബയുടെ പരാതി; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

കൊച്ചി : നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതിയുടെ നിർദേശം. ഉത്തരവിന് പിന്നാലെ സത്യമേവ ജയതേ എന്ന് കേരള ഹൈക്കോടതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് നടി അൻസിബ ഹസൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് എട്ടാം നമ്പർ കോടതിയാണ് കടവന്ത്ര പൊലീസിന് കേസെടുക്കാൻ നിർദേശം നൽകിയത്.

സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെ അൻസിബ ഉന്നയിച്ച എല്ലാ പരാതികളും വിശദമായി അന്വേഷിക്കണമെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 173 (5) പ്രകാരം കേസെടുക്കാനാണ് നിർദേശം.

ടിനി ടോമിനെതിരെ കേസെടുക്കാൻ ആവശ്യമായ തെളിവുകളില്ലെന്നായിരുന്നു കടവന്ത്ര പൊലീസിന്റെ നിലപാട്. അൻസിബയ്‌ക്കെതിരെയുള്ള ജിഹാദി പരാമർശം തമാശയ്ക്ക് പറഞ്ഞതാണെന്ന പൊലീസിന്റെ കണ്ടെത്തൽ കോടതി തള്ളി. കേസെടുക്കാനാവില്ലെന്ന പൊലീസ് റിപ്പോർട്ട്‌ അപൂർണ്ണമാണെന്ന് കോടതി നിരീക്ഷിച്ചു.

ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം കൂടിയായിരുന്ന നടി നീന കുറുപ്പിന്‍റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അൻസിബയുടെ പരാതി അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് കാളിരാജ് മഹേഷ് കുമാർ പ്രതികരിച്ചു.

പുറത്തുവന്നത് ഒരു സംഘടനയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ മാത്രമാണ്. കോടതി ഉത്തരവിന്റെ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അത് കൈപ്പറ്റിയാലുടൻ നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ മാധ്യമങ്ങളോട് വ്യക്തമാക്കി.