
ന്യൂഡൽഹി : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെത്തുടർന്നുള്ള പ്രളയക്കെടുതി അതീവ ഗുരുതരമായി തുടരുന്നു. അരുണാചൽ പ്രദേശിലുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മൂന്ന് പേർ മരിച്ചു. കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. പലയിടങ്ങളിലും മലവെള്ളപ്പാച്ചിലിൽ റോഡുകളും പാലങ്ങളും ഒലിച്ചുപോയത് ഗതാഗത സംവിധാനങ്ങളെ തടസ്സപ്പെടുത്തി.
അസമിലെ സ്ഥിതിയും വരുംദിവസങ്ങളിൽ കൂടുതൽ വഷളാകാനാണ് സാധ്യത. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി 45000ത്തിലധികം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായാണ് കണക്കുകൾ. 257 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നാലായിരത്തിലധികം ഹെക്ടർ കൃഷിസ്ഥലത്തെ വിളകൾ നശിച്ചു.
വ്യോമസേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അസം, അരുണാചൽ പ്രദേശ് മുഖ്യമന്ത്രിമാരുമായി ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുകയും കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.