
തൃശ്ശൂർ : തൃശൂർ നഗരമധ്യത്തിലെ ലോഡ്ജ് മുറിയിൽ യുവതിയെയും നവജാത ശിശുവിനെയും ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. കഴിഞ്ഞ 27നാണ് ജ്യോതി സുഹൃത്തായ ഓട്ടോ ഡ്രൈവർക്കൊപ്പം ലോഡ്ജിലെ 108-ാം നമ്പർ മുറി വാടകയ്ക്കെടുത്തത്.
ഇന്ന് ഉച്ചയോടെ ഈ ഓട്ടോ ഡ്രൈവർ ലോഡ്ജ് റിസപ്ഷനിലെത്തി താൻ രണ്ടു ദിവസമായി ഫോണിൽ വിളിച്ചിട്ടും യുവതി ഫോണെടുക്കുന്നില്ലെന്ന വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു.
ജീവനക്കാര്‍ക്ക് ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മുറി ബലമായി തുറന്ന് അകത്തു പ്രവേശിച്ചപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ യുവതിയുടെയും നവജാത ശിശുവിന്റെയും മൃതദേഹങ്ങൾ കണ്ടത്.
യുവതി ലോഡ്ജ് മുറിയിൽ വെച്ച് പ്രസവിക്കുകയായിരുന്നുവെന്നും കൃത്യമായ ചികിത്സയോ പരിചരണമോ ലഭിക്കാതെ ചോര വാർന്നാണ് ഇരുവരും മരിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യവും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.