Banner Ads

നടപടിക്രമങ്ങൾ ലംഘിച്ചിട്ടില്ല, നിലവാരമുള്ള പ്രവൃത്തികൾ; നിയമസഭയിൽ ഊരാളുങ്കലിന് സർക്കാരിന്റെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് അനുകൂല നിലപാടുമായി സർക്കാർ നിയമസഭയിൽ. ഊരാളുങ്കൽ സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾ നടപടിക്രമങ്ങൾ പാലിക്കാതെ നൽകിയതായി ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി കെ ബഷീർ സഭയെ അറിയിച്ചു. ഇത് സംബന്ധിച്ച് വ്യക്തമായ പരാതികൾ ലഭിച്ചാൽ അന്വേഷണം നടത്തും.

വി ടി ബലറാമിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. സൊസൈറ്റിക്ക് നൽകിയ കരാറുകളുടെ എസ്റ്റിമേറ്റ് തുക ഊരാളുങ്കലിന് വേണ്ടി വ്യത്യാസപ്പെടുത്തി നൽകിയെന്ന ആരോപണവും മന്ത്രി നിഷേധിച്ചു. ക്രമവിരുദ്ധമായി ഒന്നും അവർക്ക് നൽകിയിട്ടില്ല. ഊരാളുങ്കലിന്റേത് മികച്ച നിലവാരമുള്ള പ്രവൃത്തികളാണ്.

ആ നിലവാരം ഉള്ളതുകൊണ്ട് തന്നെയാണ് എല്ലാവരും അവരുടെ പിന്നാലെ പോകുന്നത്. വർക്ക് ലോഡ് കൂടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ പത്തുവർഷമായി ഊരാളുങ്കലിന് വലിയ തോതിൽ കരാറുകൾ ലഭിക്കുന്നുണ്ടെന്നും പ്രവൃത്തികൾ അവരുടെ കുത്തകയായി മാറുന്നു എന്ന നിരീക്ഷണമുണ്ടെന്നും വിടി ബലറാം ചൂണ്ടിക്കാട്ടി.

ഊരാളുങ്കലിന് നൽകുന്ന വർക്കുകൾക്ക് പരിധി നിശ്ചയിച്ച് ഈ കുത്തക ഒഴിവാക്കാൻ സർക്കാർ തയ്യാറാകുമോ എന്ന ബലറാമിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് മന്ത്രി പി കെ ബഷീർ മറുപടി നൽകിയത്.