
കൊല്ലം : ശാസ്താംകോട്ട കുന്നത്തൂരിൽ നിന്ന് രണ്ട് ദിവസം മുൻപ് കാണാതായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ പടിഞ്ഞാറ് വളവിൽ പുത്തൻ വീട്ടിൽ അജിയുടെയും ബീനയുടെയും മകൻ അമൽജിത്ത് (25) ആണ് മരിച്ചത്. എറണാകുളം വടക്കൻ പറവൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് അമൽജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ടിപ്പർ ലോറി ഡ്രൈവറായിരുന്ന അമൽജിത്ത് ഓടിച്ചിരുന്ന ലോറി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. കുറച്ചു നാളുകളായി അമൽജിത്തും കുടുംബവും എറണാകുളത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഉണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബോഡി പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.