
കായംകുളം: ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരണപ്പെട്ടു. എരുവ ചിറകുളങ്ങര വീട്ടിൽ ശരത് (വിഷ്ണു – 40) ആണ് മരിച്ചത്. കായംകുളം എരുവ കരിപ്പുഴത്തോട്ടിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം.
സുഹൃത്തിനൊപ്പം വള്ളം തുഴയുന്നതിനിടയിൽ ശരത് അബദ്ധത്തിൽ കായലിൽ വീഴുകയായിരുന്നു. നാട്ടുകാരും കായംകുളം പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. ശശിയുടെയും ഗിരിജയുടെയും മകനാണ്. സഹോദരി: അശ്വതി. മൃതദേഹം നിലവിൽ കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.