Banner Ads

ചെറുമക്കളെ ശല്യം ചെയ്തതിന് പരാതി നൽകി; കൊല്ലത്ത് 65കാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

കൊല്ലം: ചെറുമക്കളെ ശല്യം ചെയ്തെന്ന പരാതിയിൽ പൊലീസിനെ സമീപിച്ചതിന്റെ പ്രതികാരമായി 65-കാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കുളത്തുപ്പുഴ സ്വദേശി വേണുനാഥൻ പിള്ളയെ ആക്രമിച്ച കേസിൽ തെന്മല ഒറ്റക്കൽ സ്വദേശികളായ സനൽ, രാജേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെയാണ് തെന്മലയിൽ സംഭവം നടന്നത്. ഏതാനും മാസങ്ങളായി ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപം മകളുടെ വീട്ടിലായിരുന്നു വേണുനാഥൻ പിള്ളയുടെ താമസം. വൈകിട്ട് തെന്മലയിലെ ഒരു കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് മദ്യലഹരിയിൽ ചുറ്റികയുമായി എത്തിയ പ്രതികൾ ആക്രമണം നടത്തിയത്.

ആക്രമണത്തിനിടെ സനൽ ചുറ്റികകൊണ്ട് വേണുനാഥൻ പിള്ളയുടെ തലയ്ക്കടിക്കുകയായിരുന്നു. കടയിലുണ്ടായിരുന്നവർ ഉടൻ ഇടപെട്ട് പ്രതിയെ തടഞ്ഞതോടെ കൂടുതൽ ആക്രമണം ഒഴിവായി. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് നിലത്തുവീണ വേണുനാഥൻ പിള്ളയെ നാട്ടുകാർ ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെറുമക്കളെ ശല്യം ചെയ്തെന്ന പരാതിയിൽ വേണുനാഥൻ പിള്ള പൊലീസിനെ സമീപിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.