Banner Ads

വ്യാജ സീലുണ്ടാക്കി കോർപ്പറേഷനിൽ ജോലി വാഗ്ദാനം; കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ ലക്ഷങ്ങളുടെ തട്ടിപ്പ് പരാതി

കണ്ണൂർ: കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ സീലുകളുപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ പരാതി. കക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി. മുരളിക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. അഞ്ചോളം പേരിൽ നിന്നായി ഇയാൾ പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് വിവരം.

ഉദ്യോഗാർത്ഥികളുടെ വിശ്വാസം പിടിച്ചുപറ്റുന്നതിനായി കണ്ണൂർ ഡിസിസിയുടെയും, മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പി.എസ് ചന്ദ്രൻ തില്ലങ്കേരിയുടെയും പേരിൽ വ്യാജ സീലുകൾ നിർമ്മിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.നിയമനം ലഭിച്ചെന്ന് വിശ്വസിപ്പിക്കാൻ ഉദ്യോഗാർത്ഥികൾക്ക് ജോലിക്ക് ഉപയോഗിക്കേണ്ട യൂണിഫോം ഉൾപ്പെടെ മുരളി കൈമാറിയിരുന്നു.

ലക്ഷങ്ങൾ നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾ നൽകിയ പരാതിക്ക് പുറമെ, പാർട്ടി ഓഫീസിന്റെയും മന്ത്രിയുടെ പിഎയുടെയും പേരിൽ വ്യാജ സീലുണ്ടാക്കിയതിനെതിരെ കണ്ണൂർ ഡിസിസി പ്രസിഡന്റും ചന്ദ്രൻ തില്ലങ്കേരിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.ഭരണകക്ഷിയുടെയും പാർട്ടിയുടെയും പേര് ദുരുപയോഗം ചെയ്ത് സ്വന്തം പാർട്ടി നേതാവ് തന്നെ വൻ തട്ടിപ്പ് നടത്തിയതിന്റെ ഞെട്ടലിലാണ് കണ്ണൂരിലെ കോൺഗ്രസ് നേതൃത്വം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.