Banner Ads

‘ഓപ്പറേഷൻ തൂഫാൻ’: കുന്നംകുളത്ത് 500-ലധികം ഹാൻസ് പാക്കറ്റുകളുമായി യുവാവ് അറസ്റ്റിൽ

കുന്നംകുളം: സംസ്ഥാനവ്യാപക ലഹരിവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി കുന്നംകുളത്ത് വൻ നിരോധിത പുകയില വേട്ട. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 500-ലധികം ഹാൻസ് പാക്കറ്റുകളുമായി പാറേമ്പാടം സ്വദേശി ജോബി (46) പൊലീസിന്റെ പിടിയിലായി.കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ സനീഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ കൃത്യമായ ഇടപെടലാണ് പ്രതിയെ കുടുക്കിയത്.

പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പേപ്പറുകളിൽ പ്രത്യേകമായി പൊതിഞ്ഞ് സൂക്ഷിച്ച നിലയിൽ ലഹരി ഉത്പന്നങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.പുറംനാടുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന ഹാൻസ് പാക്കറ്റുകൾ കുന്നംകുളത്തെ വിവിധയിടങ്ങളിൽ എത്തിച്ച് വൻ തുകയ്ക്കാണ് ഇയാൾ വിറ്റിരുന്നത്.

കുന്നംകുളം സബ് ഇൻസ്പെക്ടർമാരായ ശരത് സോമൻ, സുബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പൊലീസ് സംഘത്തിൽ ഷിജിൻ പോൾ, ബിജു, മനീഷ്, ജിൻസി എന്നിവരും ഉണ്ടായിരുന്നു.’ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി വരും ദിവസങ്ങളിലും മേഖലയിൽ പരിശോധനകൾ ശക്തമായി തുടരുമെന്ന് പൊലീസ് അറിയിച്ചു.