
കോഴിക്കോട് : ഫറോക്ക് പഴയ പാലത്തിൽ നിന്ന് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെസ്റ്റ് ഹിൽ സ്വദേശി സന്ധ്യയാണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെ ബേപ്പൂർ ഹാർബറിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സന്ധ്യ പുഴയിലേക്ക് ചാടിയത്. ഇതുവഴി വന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. പന്നിയങ്കരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് സന്ധ്യ. ഞായറാഴ്ച രാവിലെ ആറ് മണിയോടെ വീട്ടിൽ നിന്നിറങ്ങിയ സന്ധ്യ പിന്നീട് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു.
വൈകീട്ട് ഏഴ് മണിയോടെയാണ് സന്ധ്യ അവസാനമായി സഹോദരനുമായി ഫോണിൽ സംസാരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വിശദ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ ബേപ്പൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.