
കൊച്ചി : താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിലുണ്ടായ തർക്കങ്ങൾക്കൊടുവിൽ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളാണ് ഒഴിഞ്ഞത്.
തുടർന്ന് സംഘടനയുടെ താൽക്കാലിക ചുമതലയ്ക്കായി നടനും പാലക്കാട് എംഎൽഎയുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ താൽക്കാലിക കമ്മിറ്റി രൂപീകരിക്കാൻ നടൻ ജഗദീഷിനെ ചുമതലപ്പെടുത്തിയിരുന്നു.
തുടർന്ന് നടത്തിയ ചർച്ചകൾക്കൊടുവിലാണ് രമേഷ് പിഷാരടിയെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. മുൻ മന്ത്രി ഗണേഷ് കുമാർ അടക്കമുള്ളവർ നാല് മാസ കാലാവധിയുള്ള ഈ അഡ്ഹോക്ക് കമ്മിറ്റിയിൽ അംഗങ്ങളാണ്. ഈ സമയപരിധിക്കുള്ളിൽ പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടക്കും.
അതിനിടെ അമ്മയുടെ തലപ്പത്തേക്ക് നടി അൻസിബ ഹസൻ വരണമെന്ന് മാലാ പാർവതി അഭിപ്രായപ്പെട്ടു. സംഘടനയെ യുവാക്കൾ നയിക്കട്ടെയെന്നും നിലവിലെ ഭരണസമിതിക്ക് കൃത്യനിർവഹണത്തിൽ വീഴ്ചയുണ്ടായെന്നും മാലാ പാർവതി ചൂണ്ടിക്കാട്ടി.
ജനറൽ ബോഡി യോഗത്തിൽ അൻസിബ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ശ്വേത മേനോന് സാധിച്ചില്ലെന്നും അൻസിബയുടെ ഇടപെടലോടെയാണ് ഭിന്നിച്ചുനിന്നവർ ഒന്നായതെന്നും മാലാ പാർവതി വ്യക്തമാക്കി. വാർഷിക റിപ്പോർട്ടും വരവുചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കങ്ങളാണ് കൂട്ടരാജിയിൽ കലാശിച്ചത്.
തർക്കം രൂക്ഷമായതോടെ ശ്വേത മേനോൻ സ്റ്റേജിൽ കയറി വൈകാരികമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. തനിക്ക് രാഷ്ട്രീയമില്ലെന്നും എന്നാൽ തന്നെ ബിജെപി കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും ശ്വേത ആരോപിച്ചു. സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ ബാബുരാജിന്റെ നേതൃത്വത്തിൽ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.