
കൊച്ചി : താരസംഘടനയായ അമ്മയിൽ നാടകീയ രംഗങ്ങളും ഭരണപ്രതിസന്ധിയും. ജനറൽ ബോഡി യോഗത്തിലുണ്ടായ തർക്കങ്ങൾക്കൊടുവിൽ പ്രസിഡന്റ് ശ്വേത മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും ഉൾപ്പെടെയുള്ള മുഴുവൻ ഭരണസമിതി അംഗങ്ങളും രാജിവെച്ചു. കമ്മിറ്റി പിരിച്ചുവിട്ടതോടെ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി താൽക്കാലിക അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കും.
ഇന്ന് രാവിലെ തുടങ്ങിയ ജനറൽ ബോഡി യോഗമാണ് തർക്കങ്ങളുടെ വേദിയായത്. വാർഷിക റിപ്പോർട്ടിലെ കണക്കുകളെച്ചൊല്ലിയുള്ള വാഗ്വാദങ്ങൾ മുറുകുന്നതിനിടെ അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിക്കുകയായിരുന്നു.
യോഗത്തിനിടെ അപ്രതീക്ഷിതമായി സ്റ്റേജിൽ കയറിയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും തന്നെ ബോധപൂർവ്വം ബിജെപി അനുഭാവിയായി ചിത്രീകരിക്കാൻ സംഘടനയ്ക്കുള്ളിൽ ചിലർ ശ്രമിക്കുന്നുണ്ടെന്നും ശ്വേത വെളിപ്പെടുത്തി.
രാജി പ്രഖ്യാപിച്ച് വേദിയിൽ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടൻ ബാബുരാജിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന് തൊട്ടുപിന്നാലെയാണ് മറ്റ് ഭരണസമിതി അംഗങ്ങളും രാജിക്കത്ത് കൈമാറിയത്.
ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ്-ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് യോഗത്തിൽ തർക്കം ഉടലെടുത്തത്. സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന താരങ്ങൾ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ എതിർപ്പുമായി രംഗത്തെത്തി.
കണക്കുകളിൽ ഗുരുതരമായ പിഴവുകളുള്ള റിപ്പോർട്ട് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കരും നിലപാടെടുത്തതോടെ യോഗം കലുഷിതമായി. തർക്കം പരിഹരിക്കാൻ വിഷയം പഠിക്കുന്നതിനായി ഭരണസമിതിക്ക് 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോൻ ആവശ്യപ്പെട്ടിരുന്നു.
ഉച്ചയ്ക്ക് ശേഷവും റിപ്പോർട്ടിൽ സമവായമുണ്ടാക്കാൻ തീവ്രശ്രമം നടക്കുന്നതിനിടെയാണ് ശ്വേതയുടെ പൊട്ടിത്തെറിയും പിന്നാലെയുള്ള കൂട്ടരാജിയും ഉണ്ടായത്. പുതിയ അഡ്ഹോക്ക് കമ്മിറ്റിയെ സംബന്ധിച്ചുള്ള ചർച്ചകൾക്കായി മുതിർന്ന താരങ്ങൾ അടിയന്തര യോഗം ചേരുകയാണ്.