Banner Ads

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ ഇനി 250 അല്ല, 500 രൂപ കൊടുക്കേണ്ടി വരും

ദില്ലി : ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന കുറഞ്ഞ പിഴത്തുക ഇരട്ടിയാക്കി ഇന്ത്യൻ റെയിൽവേ. 250 രൂപയിൽ നിന്ന് 500 രൂപയായാണ് വർദ്ധിപ്പിച്ചത്. ടിക്കറ്റെടുക്കാതെയുള്ള യാത്രകൾ പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവേ മന്ത്രാലയത്തിന്റെ നടപടി.

1989ലെ റെയിൽവേ നിയമത്തിലെ 137, 138 വകുപ്പുകൾക്ക് കീഴിലുള്ള കുറഞ്ഞ പിഴത്തുകയാണ് ഇപ്പോൾ പുതുക്കിയിരിക്കുന്നത്. നിയമ ഭേദഗതികൾ ഉൾക്കൊള്ളുന്ന പ്രത്യേക ഗസറ്റ് വിജ്ഞാപനം ജൂൺ 19ന് മന്ത്രാലയം പുറപ്പെടുവിച്ചു.

ടിക്കറ്റില്ലാത്ത യാത്രക്കാരുടെ എണ്ണം വൻതോതിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ അടിയന്തര ഇടപെടൽ. സെൻട്രൽ റെയിൽവേ സോണിൽ മാത്രം കഴിഞ്ഞ മേയ് മാസത്തിൽ 4.96 ലക്ഷം ടിക്കറ്റില്ലാ യാത്രക്കാരാണ് പിടിയിലായത്.

ഇവരിൽ നിന്നായി റെയിൽവേ ഒരൊറ്റ മാസം കൊണ്ട് 40.85 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. വലിയ രീതിയിലുള്ള വരുമാന നഷ്ടവും ട്രെയിനുകളിലെ അനിയന്ത്രിതമായ തിരക്കും നിയന്ത്രിക്കാൻ കടുത്ത പിഴ തന്നെ വേണമെന്ന നിലപാടിലാണ് റെയിൽവേ മന്ത്രാലയം.

ശിക്ഷാനടപടികൾ ഒഴിവാക്കാൻ യാത്രക്കാർ പുറപ്പെടുന്നതിന് മുൻപ് തന്നെ ടിക്കറ്റുകൾ കൈവശം വെക്കണമെന്നും റെയിൽവേ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു