Banner Ads

വറുതിക്കാലത്തെ അതിജീവിക്കാൻ പാതയോരങ്ങളിൽ കറുത്ത മുത്തുകൾ; വയനാട്ടിൽ ഞാവൽപഴ വിൽപ്പനയുമായി ഗോത്രകുടുംബങ്ങൾ

സുൽത്താൻ ബത്തേരി : കർക്കിടകക്കരിമുകിലുകൾ ആകാശം തൊടുമ്പോൾ വയനാടൻ കാടുകളിൽ വറുതിയുടെ കാലമാണ്. മഴ ശക്തമാകുന്ന മേയ്, ജൂൺ മാസങ്ങളിൽ പണിയില്ലാതെയാകുന്നതോടെ വിശപ്പകറ്റാൻ കാട്ടുഞാവൽ പഴങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുകയാണ് വയനാട്ടിലെ ഒരു കൂട്ടം ഗോത്രകുടുംബങ്ങൾ.

കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766ൽ മുത്തങ്ങ, പൊൻകുഴി ഭാഗങ്ങളിലൂടെ യാത്ര ചെയ്താൽ പാതയോരങ്ങളിൽ ഈ കച്ചവടക്കാഴ്ചകൾ കാണാം. രാവിലെ മുതൽ തന്നെ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന സംഘം പാതയോരങ്ങളിൽ സ്ഥാനമുറപ്പിക്കും.

വാഹനയാത്രികർക്ക് നേരെ അവർ മധുരമുള്ള ചെറുഞാവൽ പഴങ്ങൾ നിറച്ച പ്ലാസ്റ്റിക് കവറുകൾ നീട്ടുമ്പോൾ അതിന് പിന്നിൽ ഒരു കുടുംബത്തിന്റെ ജീവിക്കാനുള്ള പോരാട്ടവും പ്രതീക്ഷയുമുണ്ട്. ഉൾക്കാട്ടിൽ പോയി വലിയ മരങ്ങളിൽ നിന്ന് നിലത്തുവീണ് ചതഞ്ഞുപോകാത്ത രീതിയിലാണ് ഇവർ ഞാവൽപഴങ്ങൾ ശേഖരിക്കുന്നത്.

കേടുപാടുകൾ കൂടാതെ പറിച്ചെടുക്കുന്ന പഴങ്ങൾ വൃത്തിയാക്കി ചെറിയ കവറുകളിലാക്കും. ഒരു കവർ ഞാവൽപഴത്തിന് 50 രൂപയാണ് ഈടാക്കുന്നത്. പ്രതിദിനം 10 മുതൽ 20 കവറുകൾ വരെ വിൽക്കുന്നവർ ഈ കൂട്ടത്തിലുണ്ട്. ചെറുതും അതീവ സ്വാദിഷ്ടവുമായ ഞാറഞാവൽ പഴങ്ങളാണ് ഇവർ വിൽക്കുന്നത്. മഴക്കാലത്ത് പണിയില്ല.

കാട്ടിൽ പോയി ജീവൻ പണയം വെച്ചാണ് ഈ പഴങ്ങൾ പറിച്ചെടുക്കുന്നത്. അടുത്ത ഒരു മാസം ഞങ്ങൾക്ക് ജീവിക്കാനുള്ള വക കണ്ടെത്തുന്നത് ഈ വിൽപ്പനയിലൂടെയാണെന്ന് ഒരു ഗോത്രവിഭാഗക്കാരൻ പറയുന്നു. വനവിഭവങ്ങൾ വിറ്റ് വറുതിയെ തോൽപ്പിക്കുന്ന ഈ മനുഷ്യർക്ക് ഇതുവഴി കടന്നുപോകുന്ന സഞ്ചാരികളുടെ കാരുണ്യവും പിന്തുണയും മാത്രമാണ് ഏക ആശ്രയം.