
ന്യൂയോർക്ക് : ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ കളിക്കാരോ കളിയാരാധകരോ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു നാണംകെട്ട റെക്കോർഡുമായി പരാഗ്വേയുടെ മിഡ്ഫീൽഡർ മിഗ്വൽ അൽമിറോൺ.
ഗ്രൗണ്ടിൽ വെച്ച് വായ പൊത്തി സംസാരിച്ചതിന് റഫറിയിൽ നിന്ന് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോകേണ്ടി വന്ന ആദ്യ താരമെന്ന മോശം റെക്കോർഡാണ് അൽമിറോണിന്റെ പേരിൽ കുറിക്കപ്പെട്ടത്. വെള്ളിയാഴ്ച രാത്രി തുർക്കിക്കെതിരെ നടന്ന മത്സരത്തിലായിരുന്നു നാടകീയ സംഭവങ്ങൾ.
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു അൽമിറോണിന് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നത്. ഈ സമയം പരാഗ്വേ 1-0 ന് മുന്നിലായിരുന്നു. എന്നാൽ അൽമിറോൺ പുറത്തായതോടെ രണ്ടാം പകുതി മുഴുവൻ 10 പേരുമായി കളിക്കാൻ പരാഗ്വേ നിർബന്ധിതരായി.
തുർക്കി താരം മെർട്ട് മൾഡറിനോട് ഗ്രൗണ്ടിൽ വെച്ച് എന്തോ സംസാരിക്കുന്നതിനിടെ അൽമിറോൺ തന്റെ വായ കൈകൊണ്ട് മറച്ചുപിടിക്കുകയായിരുന്നു. അൽമിറോൺ നിയമലംഘനം നടത്തിയെന്ന് മൾഡർ ഉടൻ തന്നെ റഫറിയോട് പരാതിപ്പെട്ടു.
തുടർന്ന് റഫറി ഗ്രൗണ്ടിലെ മോണിറ്ററിലൂടെ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. താരം വായ പൊത്തി സംസാരിച്ച് നിയമം ലംഘിച്ചെന്ന് ഉറപ്പായതോടെ റഫറി അൽമിറോണിന് നേരെ നേരിട്ട് ചുവപ്പ് കാർഡ് ഉയർത്തുകയായിരുന്നു.