
കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. കേസിൽ മുൻ ഭരണസമിതിയെ പ്രതിചേർക്കാൻ എസ്ഐടി നീക്കം ആരംഭിച്ചെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം അതിന്റെ വഴിയേ നടക്കട്ടെയെന്നും ഇതിൽ താൻ പ്രത്യേകം പ്രതികരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സത്യം പുറത്തുവരുന്നതുവരെ എസ്ഐടി അന്വേഷണം തുടരട്ടെ. കോടതിയുടെ നിരീക്ഷണത്തിലിരിക്കുന്ന കേസായതിനാൽ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ പ്രതികരണത്തിനില്ല.
അന്വേഷണവുമായി ബോർഡ് പൂർണ്ണമായി സഹകരിക്കുന്നുണ്ട്. കൊച്ചിയിൽ നടക്കുന്ന ശബരിമല എഐ വർക്ക്ഷോപ്പിനിടെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. ശബരിമലയിലെ തീർത്ഥാടക തിരക്ക് നിയന്ത്രിക്കുന്നതിന് എ ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ഈ ശില്പശാലയിലൂടെ വിദഗ്ധർ പ്രത്യേക പരിശീലനം നൽകും.
നേരത്തെ ആഗോള അയ്യപ്പ സംഗമത്തിൽ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന നിർദ്ദേശം ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ കൊച്ചിയിൽ നടക്കുന്ന വർക്ക്ഷോപ്പിനെ അയ്യപ്പ സംഗമവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും കെ ജയകുമാർ വ്യക്തമാക്കി.