
കൊച്ചി : പിണറായി സർക്കാർ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോൽപാദന പദ്ധതി വി ഡി സതീശൻ സർക്കാരും പിന്തുടരുന്നതിനെതിരെ വിമർശനവുമായി കെസിബിസി മദ്യവിരുദ്ധ സമിതി. സർക്കാരിന്റെ ഈ നീക്കം മദ്യപാനികൾക്ക് വേണ്ടിയുള്ളതല്ലെന്നും പുതിയ മദ്യപരെ സൃഷ്ടിക്കാൻ വേണ്ടിയുള്ളതാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള കുറ്റപ്പെടുത്തി.
സ്ത്രീശാക്തീകരണത്തിനായി വിവിധ ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രഖ്യാപിക്കുമ്പോഴും അവരെ ലഹരി ആസക്തിയിലേക്ക് തള്ളിവിട്ട് മറ്റൊരു വഴിയിലൂടെ ചൂഷണം ചെയ്യുന്നത് സർക്കാരിന് ഭൂഷണമല്ല. സ്ത്രീകളുടെ ബലഹീനതകളെ ചൂഷണം ചെയ്ത് സർക്കാരിന് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള ഇത്തരം അടവുനയങ്ങളിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണം.
ഉമ്മൻചാണ്ടി സർക്കാരിന്റെ മദ്യനയത്തോട് വിഡി സതീശൻ സർക്കാരും നീതിയും കൂറും പുലർത്താൻ തയ്യാറാകണമെന്ന് സമിതി ആവശ്യപ്പെട്ടു. മാരക ലഹരിവസ്തുക്കൾക്കെതിരെ പോരാടാൻ സർക്കാർ ഒരു വശത്ത് വാരിയേഴ്സിനെ സൃഷ്ടിക്കാൻ മുൻകൈ എടുക്കുമ്പോൾ മറുവശത്ത് മദ്യത്തിന്റെ കാര്യത്തിൽ ക്യാരിയേഴ്സിനെയും അടിമകളെയും സൃഷ്ടിക്കുന്ന നയത്തിലേക്ക് കടക്കരുത്.
സാധാരണ ജനങ്ങൾ ഈ സർക്കാരിൽ വലിയ പ്രതീക്ഷയാണ് അർപ്പിച്ചിരിക്കുന്നതെന്നും ആ പ്രതീക്ഷകളെ തകിടം മറിക്കുന്ന രീതിയിലുള്ള തീരുമാനങ്ങളിൽ നിന്ന് പിന്തിരിയണമെന്നും കെസിബിസി ആവശ്യപ്പെട്ടു.