
ന്യൂഡൽഹി: ജൂൺ 21-ന് നടക്കുന്ന നീറ്റ് യു.ജി (NEET UG) പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ മെസേജിങ് ആപ്പായ ടെലഗ്രാമിന് (Telegram) ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവെച്ചു. കേന്ദ്ര സർക്കാർ നടപടിയിൽ വീഴ്ചയില്ലെന്ന് വ്യക്തമാക്കിയ കോടതി, ആപ്പിന് ഇളവുകൾ നൽകാൻ വിസമ്മതിച്ചു. ഐ.ടി നിയമത്തിലെ സെക്ഷൻ 69A പ്രകാരം ആപ്പ് വിലക്കാൻ സർക്കാരിന് പൂർണ്ണ അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജൂൺ 22 വരെയാണ് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
പ്രാഥമികമായ മുൻകരുതൽ നടപടിയായാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ജസ്റ്റിസ് തേജസ് കരിയ നിരീക്ഷിച്ചു. പരീക്ഷാ തട്ടിപ്പ് നടത്തുന്ന റാക്കറ്റുകൾ ഉദ്യോഗാർത്ഥികളെ കബളിപ്പിക്കാനും ചോദ്യപേപ്പറുകൾ പ്രചരിപ്പിക്കാനും ടെലഗ്രാം വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നൽകിയ അപേക്ഷയിലാണ് കേന്ദ്രത്തിന്റെ നടപടി.ടെലഗ്രാമിന്റെ സവിശേഷതകൾ കാരണം സൈബർ കുറ്റവാളികൾക്കും തീവ്രവാദ ഗ്രൂപ്പുകൾക്കും ചോദ്യപേപ്പർ ചോർത്തുന്നവർക്കും ഇതൊരു സുരക്ഷിത താവളമായി മാറിയിരിക്കുന്നു.
നിലവിൽ ഈ പ്ലാറ്റ്ഫോം ഒരു പുതിയ ‘ഡാർക്ക് വെബ്ബ്’ (Dark Web) ആയി മാറിയിരിക്കുകയാണെന്ന് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) വിലയിരുത്തലുകൾ മുൻനിർത്തി സർക്കാർ കോടതിയെ അറിയിച്ചു.മുഴുവൻ പ്ലാറ്റ്ഫോമും നിരോധിക്കുന്നതിന് പകരം പ്രശ്നമുള്ള ചാനലുകളോ ഉള്ളടക്കങ്ങളോ മാത്രം എന്തുകൊണ്ട് വിലക്കിയില്ലെന്ന് വ്യക്തമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ടെലഗ്രാമിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ധ്രുവ് മേത്ത വാദിച്ചു.
നീറ്റ് പരീക്ഷ പോലുള്ള ഒരു വിഷയം ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും എങ്ങനെയാണ് ബാധിക്കുകയെന്നും അദ്ദേഹം ചോദ്യം ചെയ്തു.പരീക്ഷാ സുതാര്യതയും ദേശീയ സുരക്ഷയും മുൻനിർത്തിയുള്ള സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ച കോടതി, ടെലഗ്രാമിന്റെ ഭാഗത്തുനിന്നുള്ള ആക്ഷേപങ്ങൾ തള്ളുകയും താൽക്കാലിക നിരോധനം തുടരാൻ അനുമതി നൽകുകയുമായിരുന്നു.