
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലെ ആരോഗ്യ പ്രഖ്യാപനങ്ങൾ ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഏറ്റവും വലിയ വാഗ്ദാനമായിരുന്നു എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകുമെന്നത്.
എന്നാൽ പദ്ധതിക്കായി ബജറ്റിൽ നീക്കി വച്ചിരിക്കുന്നത് 10 കോടി രൂപ മാത്രമാണെന്ന് വീണ ജോർജ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഫെബ്രുവരിയിലെ ബജറ്റിൽ സൗജന്യ ചികിത്സയ്ക്കായി 900 കോടി രൂപ വകയിരുത്തിയിരുന്ന സ്ഥാനത്ത് യുഡിഎഫ് സർക്കാർ 700 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.
അതായത് എൽഡിഎഫ് നൽകിയതിനേക്കാൾ 200 കോടി രൂപയുടെ കുറവ്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 8700 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് എൽഡിഎഫ് നൽകിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി 42.5 ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സ ഉറപ്പാക്കിയിരുന്നു.
25 ലക്ഷത്തിന്റെ പദ്ധതി നടപ്പാക്കാൻ ഇതിന്റെ എത്രയോ ഇരട്ടി തുക മാറ്റിവെക്കേണ്ടതായിരുന്നു. ആൻജിയോപ്ലാസ്റ്റി, കാൻസർ ചികിത്സ, സങ്കീർണ്ണ ശസ്ത്രക്രിയകൾ തുടങ്ങിയ ചെലവേറിയ ചികിത്സകൾക്ക് ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ആശ്രയമായിരുന്ന പദ്ധതികൾ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയുണ്ട്.
സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങൾക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും പദ്ധതികൾ തടസ്സമില്ലാതെ തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് ഉറപ്പാക്കണമെന്നും വീണ ജോർജ് ആവശ്യപ്പെട്ടു.