Banner Ads

ടെലഗ്രാമിൽ പേപ്പർ മാഫിയ ചാനൽ, ഒരു ചോദ്യപ്പേപ്പറിന് 4000 രൂപ; നീറ്റ് വ്യാജ ചോദ്യപ്പേപ്പർ വിറ്റ വിദ്യാർത്ഥി പിടിയിൽ

ജയ്പുർ : രാജസ്ഥാനിൽ നീറ്റ് യുജി പുനപരീക്ഷയുടെ വ്യാജ ചോദ്യപ്പേപ്പർ വിൽപന നടത്തിയ വിദ്യാർത്ഥി അറസ്റ്റിൽ. ജയ്പുരിൽ മത്സരപരീക്ഷകൾക്ക് പരിശീലിക്കുന്ന ആകാശ് ചൗധരിയാണ് പിടിയിലായത്. ഡൽഹിയിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഭിൽവാരയിലെ വീട്ടിൽ നടത്തിയ റെയ്ഡിന് ശേഷം വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അറസ്റ്റ്.

രാജ്യത്ത് ജൂൺ 21ന് നീറ്റ് യുജി പുനപരീക്ഷ നടക്കാനിരിക്കെ ആണ് സംഭവം. പേപ്പർ മാഫിയ എന്ന പേരിൽ ടെലഗ്രാം ചാനൽ തുടങ്ങിയായിരുന്നു തട്ടിപ്പ്. നീറ്റ് പരിശീലന പുസ്തകങ്ങളിലെ ചോദ്യങ്ങൾ സ്കാൻ ചെയ്ത് ഇത് യഥാർത്ഥ ചോദ്യപ്പേപ്പർ ആണെന്ന് വിശ്വസിപ്പിച്ചാണ് വിറ്റിരുന്നത്.

ചോദ്യപ്പേപ്പറിന് 4000 രൂപ വീതമാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് ഈടാക്കിയിരുന്നത്. ക്യുആർ കോഡ് വഴിയായിരുന്നു പണം സ്വീകരിച്ചിരുന്നത്. യുഎസ് കേന്ദ്രീകരിച്ചുള്ള വിപിഎന്നും പ്രോക്സി നെറ്റ്‌വർക്കുകളുമാണ് പ്രതി ഉപയോഗിച്ചിരുന്നത്.

52 പേർ ഈ ടെലഗ്രാം ചാനലിൽ അംഗങ്ങളായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടു ദിവസം മുൻപാണ് പ്രതി ജയ്പുരിൽ നിന്ന് ഭിൽവാരയിലെ വീട്ടിലെത്തിയത്. ഐടി ആക്ട്, പബ്ലിക് എക്സാമിനേഷൻ ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.